മഞ്ചേരി: ഇക്കഴിഞ്ഞ 19ന് രാവിലെ മഞ്ചേരി സെൻട്രൽ ജംഗ്ഷനിലെ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കോംപ്ലക്സിലെ രണ്ടാം നിലയിൽ മധ്യവയ്സ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഉൗർജിതം. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന. കൊല്ലപ്പെട്ടയാളുടെ കൂടെ സ്ഥിരമായി ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയിലേക്ക് അന്വേഷണം നീളുന്നു.
പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ ഇരുവരും കൂടെ നിൽക്കുന്നതായി കാണുന്നുണ്ട്. ഇവരെ പലപ്പോഴും ഒരുമിച്ചാണ് കണ്ടിട്ടുള്ളതെന്ന് പരിസരത്തുള്ള വ്യാപാരികളും മറ്റും പറയുന്നു. എന്നാൽ കൊലപാതകം നടന്ന ശേഷം ഇയാളെ സംബന്ധിച്ച് വിവരവമില്ല.
അതേ സമയം കൊല്ലപ്പെട്ടയാളെക്കുറിച്ച്് പൊലിസിനും വിവരം ലഭിച്ചിട്ടില്ല. പ്രകാശൻ എന്ന പേരിലാണ് മഞ്ചേരിയിൽ ഇയാൾ അറിയപ്പെട്ടിരുന്നത്. ഇത് യഥാർഥ പേരാണോയെന്ന് വ്യക്തമല്ല.
കൊല്ലം സ്വദേശിയെന്ന് പലരോടും ഇയാൾ പറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചിലരോട് തിരുവനന്തപുരം എന്നാണ് പറഞ്ഞിട്ടുള്ളത്. ചെങ്ങന്നൂരാണ് സ്വദേശമെന്നും പറഞ്ഞിട്ടുണ്ട്. ജോലി തേടി വർഷങ്ങൾക്ക് മുന്പ് എത്തിയ ഇയാൾ ഇവിടെനിന്ന് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവർക്കും ഇയാളുടെ സ്വദേശം സംബന്ധിച്ചോ ബന്ധുക്കളെക്കുറിച്ചോ അറിവൊന്നുമില്ല.
50-60 നുമിടയിൽ പ്രായം തോന്നിപ്പിക്കുന്ന 169 സെന്റിമീറ്റർ ഉയരവും ഒത്ത ശരീരവുമുള്ളയാളുടേതാണ് മൃതദേഹം. പുറത്ത് നടുവിലായി വലിയ മറുകുണ്ട്. ഇടതു കൈത്തണ്ടയിൽ പ്രിജ എന്ന് ഇംഗ്ലീഷിൽ പച്ച കുത്തിയിട്ടുണ്ട.് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. തിരിച്ചറിയുന്നവർ 0483 2766852, 9846386326 നന്പരുകളിൽ വിവരമറിയിക്കണമെന്ന് മഞ്ചേരി പൊലിസ് ആവശ്യപ്പെട്ടു.